എപ്പോഴും മാസ്ക് വച്ചു നടക്കേണ്ട ഒരു സ്ഥലത്തെപ്പറ്റി അറിയുമോ?

Name : Miyake-jima

Country : japan

  • Population : 2,460 (2019)



ചെകുത്താൻ കടലിലെ മിയാകെ ദ്വീപ്; എപ്പോഴും ഗ്യാസ് മാസ്ക് വച്ചില്ലെങ്കിൽ മാരകവിധി


കോവിഡ് വൈറസ് മൂലം നമ്മളെല്ലാം ഉപയോഗിക്കാൻ തുടങ്ങിയ ഒരു വസ്തുവാണു മാസ്ക്. ആദ്യകാലത്ത് ഒറ്റ മാസ്ക് ഉപയോഗിച്ചു,പിന്നീട് ഇപ്പോൾ രണ്ടു മാസ്കായി. സ്വതന്ത്രമായി ശ്വസിച്ചു പുറത്തിറങ്ങി നടക്കുന്ന സുഖം മാസ്ക് വച്ചാൽ കിട്ടില്ല. നേർത്ത മാസ്കാണു നമ്മൾ ഉപയോഗിക്കുന്നത്. എങ്കിലും നമുക്ക് ചില്ലറ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പക്ഷേ നല്ലൊരു നാളേയ്ക്കു വേണ്ടിയും കോവിഡ് രോഗത്തിന്റെ ഉച്ചാടനത്തിനു വേണ്ടിയും നമ്മൾ ഈ ബുദ്ധിമുട്ടുകൾ ഒക്കെ സഹിച്ചു മുന്നോട്ടു പോകുന്നു. സമീപഭാവിയിൽ പഴയതു പോലെ തന്നെ മാസ്ക് അഴിച്ചു സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷ നമുക്കുണ്ട്.

എന്നാൽ എപ്പോഴും മാസ്ക് വച്ചു നടക്കേണ്ട ഒരു സ്ഥലത്തെപ്പറ്റി അറിയുമോ? വെറും മാസ്ക് അല്ല. വളരെയേറെ ബുദ്ധിമുട്ടുള്ള സങ്കീർണമായ ഗാസ് മാസ്ക്. അങ്ങനെയൊരു സ്ഥലം ഭൂമിയിലുണ്ട്.
 ജപ്പാനിലെ മിയാകെ–ജിമ.



ഈ ദ്വീപിലേക്കു നിങ്ങൾ എത്തിയാൽ പെട്ടെന്നൊന്നു പേടിക്കാൻ സാധ്യതയുണ്ട്. അൽപം പേടിപ്പെടുത്തുന്ന ഡിസൈനുള്ള ഗാസ്മാസ്കുകളുമായി ആളുകൾ നിങ്ങൾക്കു നേരെ വരുന്നതാകും കാണുക. ചില ഹൊറർ, സോംബി, സർവനാശ ഹോളിവു‍ഡ് ചിത്രങ്ങളിലെ സീനുകളാകും നിങ്ങൾക്ക് ഓർമ വരുക. മിയാക ജിമയിൽ ആരും മുഖം കാട്ടാറില്ല. കാട്ടിയാൽ ഗുരുതര പ്രത്യാഘാതങ്ങളുറപ്പ്. എന്തു കൊണ്ടാണ് ഇങ്ങനെയെല്ലാം?

ജപ്പാനിലെ ഹോൻഷു ദ്വീപിനു തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപാണു മിയാകെ ജിമ. പസിഫിക് സമുദ്രത്തിലെ ഡെവിൾസ് സീ എന്നറിയപ്പെടുന്ന കടൽപ്രദേശത്ത്. വെറും 55 ചതുരശ്ര കിലോമീറ്ററാണു ആകെ വിസ്തീർണം, നമ്മുടെ ആലപ്പുഴ പട്ടണത്തേക്കാൾ അൽപം കൂടുതൽ. ജാപ്പനീസ് തലസ്ഥാനം ടോക്യോയ്ക്കു 180 കിലോമീറ്റർ അകലെ മാറിയുള്ള മിയാകെ ജിമ ലോകത്തു ജീവിക്കാൻ ഏറ്റവും ദുർഘടമായ സ്ഥലമാണ്. എങ്കിലും ഇവിടെ 2884 പേർ ജീവിക്കുന്നു.

അഗ്നിപർവത മേഖലയായ ഇസു ദ്വീപുകളുടെ ഭാഗമാണ് മിയാകെ ജിമ. ഇവിടത്തെ അഗ്നിപർവതങ്ങളിൽ പ്രധാനം ദ്വീപിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് ഒയാമ എന്ന സജീവ അഗ്നിപർവതമാണ്. 2000 ൽ, മൗണ്ട് ഒയാമ എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഒരു വർഷത്തിനിടെ ഉണ്ടായ പതിനേഴായിരത്തിലധികം ഭൂചലനങ്ങളുടെ സമ്മർദ്ദം മൂലമായിരുന്നു ആ വൻ പൊട്ടിത്തെറി. 




ഇതിന്റെ ഫലമായി സൾഫർ ഉൾപ്പെടെ വിഷവാതകങ്ങൾ ദ്വീപിലെ അന്തരീക്ഷമാകെ നിറഞ്ഞു. സ്ഫോടനം നടന്ന് ആദ്യനാളുകളിൽ ഇങ്ങോട്ടേക്കുള്ള വിമാനസർവീസുകൾ വരെ നിർത്തിവച്ചിരിക്കുകയായിരുന്നു. അപകടം നടന്നതിനെ തുടർന്നു ദ്വീപിലെ അന്തേവാസികളെയെല്ലാം ജപ്പാൻ ഒഴിപ്പിച്ചു. എന്നാൽ ഇവരി‍ൽ നല്ലൊരു വിഭാഗത്തിനു ദ്വീപിലേക്കു തിരിച്ചുപോകണമെന്നായിരുന്നു ആഗ്രഹം. വിഷവാതകഭീഷണിയും കടുത്ത സാഹചര്യങ്ങളുമുണ്ടായിട്ടും ജന്മനാടിനോടുള്ള സ്നേഹത്താൽ 2006ൽ ഇവർ തിരികെയെത്തി.

ഇന്നും ഒയാമ പർവതത്തിൽ നിന്നും രാസവാതകങ്ങൾ വമിക്കുന്നുണ്ട്. അന്തരീക്ഷം വിഷമയമാണ്. എന്നാൽ മിയാക ജിമയിലെ ആളുകൾ ഇതിനെ നേരിടാനും ഇതിനൊപ്പം ജീവിക്കാനും പഠിച്ചിരിക്കുന്നു. ഇവിടെയും റെസ്റ്ററന്റുകളും കല്യാണപ്പാർട്ടികളും നീന്തൽക്കുളങ്ങളും ബീച്ച് സഞ്ചാരികളുമൊക്കെയുണ്ട്. പക്ഷേ എല്ലാവരും കൃത്യമായി ഗാസ് മാസ്ക് ധരിക്കുന്നു. അല്ലാതെ ഇറങ്ങിയാൽ വലിയ അപകടമാണ്.



കാര്യം പേടിപ്പിക്കാനുള്ള സംഗതികളൊക്കെയുണ്ടെങ്കിലും മിയാകെ ജിമ ഇന്നു ജപ്പാനിലെ ഒരു ടൂറിസ്റ്റ് ഹോട്സ്പോട്ടാണ്. ഒട്ടേറെ പേർ ഇവിടെ വിനോദസഞ്ചാരത്തിനായി എത്തുന്നുണ്ട്. ടോക്യോയിൽ നിന്നു ബോട്ടോ ഹെലിക്കോപ്റ്ററോ ഉപയോഗിച്ചാണു സാധാരണ ഇവിടെ ആളുകൾ വരുന്നത് സഞ്ചാരികൾക്കു ദ്വീപിലെത്തിയ ശേഷം ഗാസ് മാസ്കുകൾ കടകളിൽ നിന്നു വാങ്ങിക്കാം. ഇവിടത്തെ എല്ലാ കടകളിലും ഗാസ് മാസ്കുകൾ വാങ്ങാൻ കിട്ടും.

ദ്വീപിന്റെ ചില സ്ഥലങ്ങൾ വളരെ ചേതോഹരമാണ്. പുൽമേടുകളും ഡോൾഫിനുകളും സ്കൂബ ഡൈവിങ്ങിനുള്ള അവസരങ്ങളും ഇവിടെയുണ്ട്. ആളുകളും വളരെ സൗഹൃദമനോഭാവമുള്ളവരും ദ്വീപിന്റെ സംസ്കാരത്തിലും പെരുമയിലും അഭിമാനം കൊള്ളുന്നവരുമാണെന്നു അവിടെ പോയ സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാമ്പ് സെറിനെ പറ്റിയുള്ള ചില ഇന്ത്യൻ മിഥ്യാധാരണകൾ.

ഇന്ത്യയിലെ ദ്വീപുകൾ*

നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് നിയമങ്ങൾ